ലേണേഴ്സ് പരീക്ഷയ്ക്ക് സ്കൂട്ടർ ഓടിച്ചെത്തി യുവതി; ഓഫീസിന് മുന്നിൽ വെച്ച് പൊക്കി ആർടിഒ, യുവതിയ്ക്കും ഭർത്താവിനുമായി 10,000 രൂപ പിഴ!

ലേണേഴ്സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർ വാഹന വകുപ്പ് അധികാരികളുടെ മുന്നിലേക്ക് സ്കൂട്ടർ ഓടിച്ചെത്തിയ യുവതിയ്ക്കും ഭർത്താവിനും കിട്ടിയത് വമ്പൻ പണി. ലൈസൻസില്ലാതെ വാഹനം ഓടിച്ചെത്തിയ യുവതിക്കും വാഹനം നൽകിയ ഭർത്താവിനും 5000 രൂപ വീതം ആകെ 10,000 രൂപ ആലത്തൂർ സബ് ആർടിഒ. പിഴ ചുമത്തി.ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്.

പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർവാഹനവകുപ്പ് അധികാരികൾ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോൾ മനസ്സിലായില്ല. പിന്നീട് പരീക്ഷയ്‌ക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും.1988-ലെ മോട്ടോർവാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർ.ടി.ഒ. കെ.ആർ. രാജു വ്യക്തമാക്കി.