സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും.

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലം പുറത്തുവിടുന്നത്. സംസ്ഥാനത്താകെ 4,17,497 വിദ്യാർത്ഥികളാണ് ഫലം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പരീക്ഷ മാറ്റിവെച്ച ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷം 99.5 ശതമാനമായിരുന്നു വിജയശതമാനം.

ഫലം ലഭ്യമാകുന്ന ഉടൻ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ വിവിധ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും പരിശോധിക്കാനാകും. ക്ലൗഡ് അധിഷ്ഠിതമായ results.kite.kerala.gov.in പോർട്ടലിലും ‘Saphalam KITE’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.

അതോടൊപ്പം കേരള വിദ്യാഭ്യാസ ബോർഡ് പോർട്ടൽ, DigiLocker Results, SSLC Exam Portal, PRD Kerala എന്നീ സൈറ്റുകളിലും ഫലം പരിശോധിക്കാം.

വ്യക്തിഗത റിസൽറ്റുകൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലുള്ള വിജയവിവരങ്ങൾ, വിഷയാധിഷ്ഠിത വിശകലനം എന്നിവ ഉൾപ്പെടുത്തിയ ‘Result Analysis’ സംവിധാനവും പോർട്ടലിലും ആപ്പിലും ഒരുക്കിയിട്ടുണ്ട്.

യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് ഈ മാസം അവസാനത്തോടെ സേ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

കൂടാതെ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സ്ആപ്പ് നമ്പർ വഴിയും പരീക്ഷാഫലം ലഭ്യമാകും.