കിളിമാനൂരിൽ റിട്ട. അധ്യാപകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

​കിളിമാനൂർ: റിട്ടയേർഡ് അധ്യാപകനെ വീടിന് പിൻവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ രാലൂർക്കാവ് സൂര്യമംഗലത്ത് വീട്ടിൽ സത്യദേവൻ (78) ആണ് മരിച്ചത്.
​ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം സത്യദേവനെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെ വീടിന് പിന്നിലെ കിണറിന് സമീപം അദ്ദേഹം ധരിച്ചിരുന്ന ലുങ്കി കണ്ടെത്തി. സംശയം തോന്നിയ വീട്ടുകാർ ഉടൻ തന്നെ നാട്ടുകാരെയും പഞ്ചായത്ത് ജനപ്രതിനിധികളെയും വിവരമറിയിച്ചു. തുടർന്ന് നഗരൂർ പോലീസിലും ആറ്റിങ്ങൽ ഫയർഫോഴ്സിലും വിവരം കൈമാറി.
​സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ആറടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ നടത്തിയ പരിശോധനയിൽ, അടിത്തട്ടിൽ നിന്നും മൃതദേഹം കണ്ടെടുത്തു പുറത്തെത്തിക്കുകയായിരുന്നു. സത്യദേവൻ കുറച്ചുകാലമായി ശാരീരികവും മാനസികവുമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
​നഗരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.