കിളിമാനൂർ: പനപ്പാംകുന്ന് റോഡിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമേൽ കുര്യോട് സ്വദേശി വിപിൻകുമാർ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15-ഓടെയാണ് അപകടം നടന്നത്.
നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിപിൻകുമാറിൻ്റെ ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കാർപ്പെൻ്റർ തൊഴിലാളിയായ വിപിൻകുമാർ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിൻകുമാറിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
