ഉസ്താദിന്റെ വേഷംധരിച്ച് പള്ളിയിൽ അതിക്രമിച്ചു കയറി ലക്ഷങ്ങൾ കവർന്ന കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി.

ഉസ്താദിന്റെ വേഷംധരിച്ച് പള്ളിയിൽ അതിക്രമിച്ചു കയറി ലക്ഷങ്ങൾ കവർന്ന കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. ബേപ്പൂർ അരക്കിനാട് സ്വദേശി കുപ്പിയിൽ ഷംസുദ്ദീനെയാണ് (41) അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് 1,60,000 രൂപ മോഷണം നടത്തിയ കേസിലാണ് നടപടി.

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. അമ്പലവയൽ-വടുവൻചാൽ പാതയിലുള്ള മഞ്ഞപ്പാറ ടൗണിലെ പള്ളിയിൽ എത്തിയ പ്രതി, ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് അകത്തുകടന്നത്. മേശവലിപ്പുകളിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തിലധികം രൂപ ഇയാൾ കവർന്നു. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മറ്റൊരു താഴുപയോഗിച്ച് മുറി പൂട്ടി, താക്കോൽ സമീപത്ത് തന്നെ ഉപേക്ഷിച്ചാണ് ഇയാൾ സ്ഥലംവിട്ടത്.