സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാനിടയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഇത്തവണത്തെ കാലവർഷം അറബിക്കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലും പ്രവേശിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമാകാനാണ് സാധ്യത. മേയ് 26ഓടെ കാലവർഷം സംസ്ഥാനത്ത് എത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.

നാളെയും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.