തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.70 ലേക്ക് എത്തി. മെയ് ഒന്നാം തീയതി വരെ 20,028 സര്‍വീസ് വോട്ടുകളാണ് ലഭിച്ചത്. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ശതമാനമായിരുന്നു പോളിങ്. നിലവില്‍ ഇത് 79.70 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.
അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വോട്ടെണ്ണലിന് മുന്‍പ് പുറത്തുവിടില്ല. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളായിരിക്കും. എന്നാല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ലിങ്ക് അനുവദിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രത്തന്‍ അറിയിച്ചു.
എന്നാല്‍ വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷങ്ങള്‍ നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടാകും. മെയ് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
നാളെ രാവിലെ എട്ട് മണിക്ക്് വോട്ടെണ്ണല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി QR കോഡ് അധിഷ്ഠിത ഐഡി കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു
