നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം.,പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 9 ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന്റെ കലണ്ടര്‍ നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
നിയമസഭാ സ്പീക്കറെ നിയോഗിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നാളെ രാവിലെ ഒമ്പത് മണിക്കാണ് നടക്കുക. ഇതിനുശേഷം 23 മുതല്‍ 28 വരെ സഭ ചേരുന്നില്ല. 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സഭയില്‍ നടക്കും. തുടര്‍ന്ന് ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ നടക്കും. ദൈനംദിന കാര്യക്രമത്തിലുണ്ടാകാവുന്ന മാറ്റങ്ങള്‍ക്ക് കലണ്ടര്‍ വിധേയമാണെന്ന് നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ് ഷാജി സി. ബേബി അറിയിച്ചു.