വർക്കല.സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. കൈരളി ജ്വല്ലറി വർക്കല ബ്രാഞ്ചിലെ ജനറൽ മാനേജർ അയിരൂർ വിളപ്പുറം ഫർഹാ വില്ലയിൽ എൻ.കെ നസീർ (69) ആണ് മരിച്ചത്.
വെള്ളി വൈകിട്ട് ആറരയോടെ മൈതാനം പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. ബൈക്ക് നിർത്താതെ പോയി. തലയിടിച്ച് വീണ നസീറിനെ പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കൾ രാത്രി എട്ടരയോടെയാണ് മരണം.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച കായൽപ്പുറം മുസ്ലിം ജമാഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഷഹീദ. മകൻ: ഹാഫിസ്.