ഗ്യാസ് വിലവർധനവിനെതിരെ പ്രതിഷേധം., മെയ് 6ന് സംസ്ഥാനത്ത് ഹോട്ടൽ സമരം

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ ഉണ്ടായ കനത്ത വർധനവിനെതിരെ സംസ്ഥാനത്തെ ഹോട്ടൽ-റസ്റ്ററന്റ് മേഖല പ്രതിഷേധത്തിലേക്ക്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മെയ് 6-ന് ഹോട്ടലുകൾ അടച്ചിടാനുള്ള തീരുമാനം എടുത്തത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ ഒറ്റയടിക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇത് അപൂർവമായ വലിയ വിലക്കയറ്റമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ വിലപ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടർ 3,071.50 രൂപയായി ഉയരും. മുംബൈയിൽ 2,031 രൂപയിൽ നിന്ന് 3,024 രൂപയായും വർധിച്ചു. കൊച്ചിയിൽ നിലവിലെ വില 3,085 രൂപയും തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട്ട് 3,117.5 രൂപയുമാണ്.

ഇത്തരത്തിലുള്ള കനത്ത വിലവർധന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരിക്കുകയാണ്. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതിനാൽ ഭക്ഷണവില കൂട്ടേണ്ട സാഹചര്യം ഉണ്ടാകാമെന്നും മേഖലയിലെ വ്യാപാരികൾ പറയുന്നു. #kerala #LatestNews #lpg #hotel #kochi