ലക്നൗ് സൂപ്പർ ജയന്റ്സിനെ 5 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്.

ലക്നൗ് സൂപ്പർ ജയന്റ്സിനെ 5 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. നായകൻ റുതുരാജ് ഗെയ്ക്വാദിന്റെയും ഉര്‍വില്‍ പട്ടേലിന്റെയും ബാറ്റിംഗ് മികവില്‍ ലഖ്‌നൗവിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ച ചെന്നൈ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു.

ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. 

അർധസെഞ്ചറി നേടിയ ഉർവിൽ പട്ടേൽ (23 പന്തിൽ 65), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (28 പന്തിൽ 42), അവസാനഓവറുകളിൽ ലക്ഷ്യത്തിലേക്ക് നയിച്ച പ്രശാന്ത് വീർ (12 പന്തിൽ 18*), ശിവം ദുബെ (7 പന്തിൽ 15*) എന്നിവരാണ് ചെന്നൈയുടെ വിജയശിൽപികൾ.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ സഞ്ജു സാംസൺ (14 പന്തിൽ 28) മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. 

ആദ്യ ഓവറിൽ തന്നെ ഫോറടിച്ച് തുടങ്ങിയ താരം, പിന്നീട് രണ്ടു സിക്സുകളും രണ്ടു ബൗണ്ടറികളും കൂടി നേടി. എന്നാൽ നാലാം ഓവറിൽ ദിഗ്‍വേഷ് റാത്തി സഞ്ജുവിനെ ക്ലീൻ ബോൾഡാക്കി. 

ആവേശ് ഖാൻ എറിഞ്ഞ അഞ്ചാം ഓവറിലും ദിഗ്‍വേഷ് റാത്തി എറിഞ്ഞ ആറാം ഓവറിലുമായിരുന്നു ഉർവിലിന്റെ താണ്ഡവം. ആവേശിനെതിരെ തുടർച്ചയായ മൂന്നു സിക്സ് നേടിയ ഉർവിവ്‍, ദിഗ്‌വേഷിനെ മൂന്നു സിക്സറിനും ഒരു ഫോറിനും പറത്തി. ഐപിഎൽ ഇന്നിങ്സിൽ നേരിട്ട ആദ്യ എട്ടു പന്തിൽ ആറ് സിക്സറുകൾ പറത്തുന്ന ആദ്യ ബാറ്ററാണ് ഉർവിൽ പട്ടേൽ. വെറും 13 പന്തിലാണ് താരം അർധസെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎലിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചറിയിൽ യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡിനൊപ്പമെത്തി.

ഉർവിൽ പട്ടേലിന്റെ ഇന്നിങ്സ് കരുത്തിൽ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പവർപ്ലേ സ്കോറാണിത്. 
ഐപിഎൽ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം സ്ഥാനത്തേയ്ക്കു കയറി. 
#chennaisuperkings #ipl2026 #LucknowSuperGiants #SportsNews