ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. ചോദ്യപേപ്പർ ചോർത്തിയ ശേഷം തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പർ കേരളത്തിലും എത്തിയെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ലഭിച്ചെന്ന് രാജസ്ഥാൻ പൊലീസ് കണ്ടെത്തിയ 200 ഓളം വിദ്യാർത്ഥികളുടെ വിവരങ്ങൾ സിബിഐക്ക് കൈമാറിയിരുന്നു. ഇതിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുടെ തുടക്കം നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. നിലവിൽ സിബിഐയുടെ 4 ടീമുകളാണ് അന്വേഷണം നടത്തുന്നത്.
ചോദ്യപേപ്പർ പരീക്ഷകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനിടെ ചോർത്തുക എന്നതായിരുന്നു ഇതുവരെയുള്ള പരീക്ഷ തട്ടിപ്പ് സംഘത്തിന്റെ പതിവ്. എന്നാൽ നീറ്റിൽ ഈക്കുറി അതും കടന്ന് ചോദ്യപേപ്പർ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് നിന്ന് ചോർത്തിയെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ നാസിക്കിലെ ഒരു പ്രസ്സിലാണ് അച്ചടിച്ചത്. ഈ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാർ എന്ന വ്യക്തിക്കാണ് ചോദ്യപേപ്പർ പൂർണ്ണരൂപത്തിൽ കിട്ടിയത്. ഇയാളിത് ഹരിയാനയിലെ ഒരു ഡോക്ടറിന് കൊറിയർ വഴി കൈമാറി. ഇയാൾ വഴി ജയ്പൂർ, ഡൽഹി, ഡെറാഡൂൺ, ജമ്മുകശ്മീർ, ബീഹാർ, കേരളം, തെലങ്കാന, ആന്ധ്ര അടക്കം സ്ഥലങ്ങളിലെ സംഘാംഗങ്ങൾക്ക് കിട്ടി.
ആദ്യം കിട്ടിയ യഥാർത്ഥ ചോദ്യപേപ്പറിനെ ഈ സംഘം മാതൃക ചോദ്യപേപ്പർ എന്ന നിലയിലേക്ക് മാറ്റിയത് പിടിക്കപ്പെടാതിരിക്കാനാണ്. പിന്നീട് ഇത് പണം നൽകിയ ആവശ്യക്കാരിലേക്ക് എത്തിച്ചു. 25,000 മുതൽ രണ്ട് ലക്ഷം വരെ വില ഈടാക്കിയാണ് ടെലഗ്രാം, വാട്സ്ആപ്പ് വഴി വിറ്റത്. ഒരോ വിൽപനയിലും പല കണ്ണികളെ ചേർത്ത് വെച്ച് വിദ്ഗധമായി നടത്തിയ തട്ടിപ്പായിരുന്നു ഇത്. മാതൃക ചോദ്യപേപ്പറിലെ ബയോളജി ചോദ്യങ്ങളിൽ 90 എണ്ണവും കെമസ്ട്രിയിലെ 45 ചോദ്യങ്ങളിൽ 35 എണ്ണം യഥാർത്ഥ ചോദ്യപേപ്പറിലും ഒന്നായിരുന്നു എന്നാണ് കണ്ടത്തെൽ. 'പ്രൈവറ്റ് മാഫിയ' എന്ന ടെലഗ്രാം ചാനലിലൂടെയും ചോദ്യപേപ്പർ പ്രചരിച്ചെന്നും കരുതുന്നു.
