മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

 കിളിമാനൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കളെ കിളിമാനൂർപോലീസ്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ (26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
​പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
​റൂറൽ ഡാൻസാഫ് (DANSAF) സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സി.എച്ച്.ഒ എ. നിസാർ, എസ്.ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്.ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.