ഒരു കപ്പ് ചായ കുടിക്കാൻ റോൾസ് റോയിസ് കാറിൽ കയറുന്നത് ഒന്ന് ആലോചിച്ചു നോക്കൂ! കേൾക്കുമ്പോൾ അല്പം അതിശയമായി തോന്നാമെങ്കിലും 'ഡീലക്സ് ഭയാജി' ഇത് വെറും പരീക്ഷണമല്ല, ആഡംബരത്തിന്റെ ഒരു ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.
ചായ വിൽക്കാൻ ലക്ഷങ്ങൾ വിലയുള്ള റോൾസ് റോയിസ് കാർ ഒരു ലക്ഷം രൂപ വാടകയ്ക്ക് എടുത്താണ് ഈ യുവാവ് ഞെട്ടിച്ചത്. വരുന്നവർക്ക് നടക്കാൻ ചുവന്ന പരവതാനി, കുടിക്കാൻ ചൂട് ചായ, ഒപ്പം ക്രിസ്പി ബിസ്ക്കറ്റുകളും കുക്കീസും. സംഭവം ശരിക്കും ഒരു 'റോയൽ' അനുഭവം തന്നെ!
ഈ പരീക്ഷണത്തിനായി ഭയാജിക്ക് ഏകദേശം 1.08 ലക്ഷം രൂപ ചിലവായെങ്കിലും ചായ വിറ്റുകിട്ടിയത് 88,400 രൂപ മാത്രമാണ്. സാമ്പത്തികമായി നോക്കിയാൽ ഇതൊരു വലിയ നഷ്ടമാണെന്ന് തോന്നാം. പക്ഷേ ഭയാജിക്ക് പറയാനുള്ളത് മറ്റൊന്നാണ്; "എന്റെ വണ്ടിയിൽ കയറി ചായ കുടിച്ചവരുടെ മുഖത്തെ ആ സന്തോഷമുണ്ടല്ലോ, അതാണ് എന്റെ ഏറ്റവും വലിയ ലാഭം!"
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോ ഇതിനോടകം ഒന്നരക്കോടിയിലധികം ആളുകളാണ് കണ്ടത്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരുന്നവർക്ക് മുന്നിൽ സോഷ്യൽ മീഡിയയും ചായപ്രേമികളും ഒരുപോലെ കൈയടിക്കുകയാണ്.
