പാലക്കാട് കടുത്ത ചൂടിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി.

പാലക്കാട് കടുത്ത ചൂടിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം.

കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്.