എം.സി റോഡിൽ അയൂർ പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

അയൂർ: എം.സി റോഡിൽ അയൂർ പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശികളായ റോബിൻ (38), പിതാവ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ റോബിന്റെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട്ടിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
​ഇന്ന് െവൈകിട്ടാണ് അപകടം. ചടയമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും അയൂർ ഭാഗത്തുനിന്ന് വന്ന നാഷണൽ പെർമിറ്റ് ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
​ വെമ്പായത്തെ ഹാപ്പി ലാൻഡിൽ പോയിട്ട് കോഴഞ്ചേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോബിനും കുടുംബവും. റോബിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിതാവിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.