അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നു. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശരാശരി പകൽ താപനില 37 ഡിഗ്രി കടന്നതോടെ ജനങ്ങൾ കടുത്ത ചൂട് അനുഭവിക്കുന്നു. അടുത്ത രണ്ട് ദിവസവും ഈ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ചൂടിൽ നിന്ന് രക്ഷ തേടി നിരവധി പേർ ഇടുക്കി ജില്ലയിലെ മലയോര മേഖലയായ മൂന്നാറിലേക്ക് ഒഴുകുകയാണ്. ഇടവിട്ട് ലഭിക്കുന്ന വേനൽമഴയും 25 ഡിഗ്രിയോടടുത്ത താപനിലയും ഇവിടെ ആശ്വാസം നൽകുന്നു. മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല എന്നിവിടങ്ങൾ സഞ്ചാരികളുടെ തിരക്കിൽ നിറഞ്ഞിരിക്കുകയാണ്. ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ വിനോദസഞ്ചാര സീസണും സജീവമായി. എങ്കിലും മൂന്നാറിലും താപനില ഉയരുന്ന പ്രവണത തുടരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
