സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ പരമാവധി 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും, പത്തനംതിട്ടയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂടാണ് പ്രതീക്ഷിക്കുന്നത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചേർന്നതോടെ, മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയേറിയ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് പകൽ സമയങ്ങളിൽ ചൂട് ശക്തമായിരിക്കും.
ദീർഘനേരം അൾട്രാവയലറ്റ് കിരണങ്ങൾക്ക് വിധേയരാകുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്. രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.

പുറത്ത് ജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് നല്ലതാണ്.

യാത്രകളിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും, കൂടുതൽ വെള്ളം കുടിക്കുകയും ചെയ്യണം. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ പ്രതിഫലനം കൂടുതലായതിനാൽ അവിടങ്ങളിൽ കൂടുതൽ സൂക്ഷ്മത ആവശ്യമാണ്.