സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കാം., ലിറ്ററിന് 6 രൂപ വരെ കൂടാൻ സാധ്യത

കേരളത്തില്‍ മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യത. പാലിന് ലിറ്ററിന് 4 രൂപ മുതല്‍ 6 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വില വര്‍ധനവ് നടപ്പിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. ഇതിനായി സര്‍ക്കാര്‍ അനുമതി തേടി മില്‍മ വീണ്ടും കത്ത് നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് വില വര്‍ധന സംബന്ധിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ നേരത്തെ മറുപടി നല്‍കാതിരുന്നത്.

വില വര്‍ധിപ്പിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ തിരുവനന്തപുരം പട്ടത്തെ മില്‍മ ആസ്ഥാനത്ത് പ്രതിഷേധം നടത്തി. ആറ് മാസം മുമ്പ് എടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. കാലിത്തീറ്റയുടെയും മറ്റും വില വര്‍ധന കാരണം ക്ഷീരകര്‍ഷകര്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും, പാല്‍ വില കൂട്ടാതെ മുന്നോട്ട് പോകാനാവില്ലെന്നുമാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്.

ഏപ്രില്‍ 29-ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ വില വര്‍ധന നടപ്പിലാക്കാനാണ് മില്‍മ ലക്ഷ്യമിടുന്നത്.