LPG ഗ്യാസ് ബുക്കിങ് ഇടവേള വീണ്ടും ഉയര്‍ത്തി; ഇനി മുതല്‍ 45 ദിവസം; പുതിയ മാറ്റം ഗ്രാമീണ മേഖലയിൽ

ന്യൂഡൽഹി: രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ഉയര്‍ത്തി. ഗ്രാമീണ മേഖലയിലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്. ഗ്യാസ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതുവരെ 25 ദിവസമായിരുന്ന ബുക്കിങ് കാലയളവ്, 45 ദിവസത്തിലേക്ക് ഉയര്‍ത്തിയതായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് 21 ദിവസമായിരുന്ന സമയപരിധി 25 ആക്കി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്, അതിന് പിന്നാലെയാണിപ്പോള്‍ ഈ നീക്കം.

ബുക്കിങ് കാലയളവ് ഉയര്‍ത്തുന്നത് ഗ്യാസ് ക്ഷാമം കുറയ്ക്കുകയും കരിഞ്ചന്ത വില്‍പന നിയന്ത്രിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടര്‍ന്നാലും നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റാനായ ഗ്യാസ് ഉത്പാദന-വിതരണ ക്രമീകരണങ്ങള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലേക്കും വ്യവസായങ്ങളിലേക്കുമുള്ള ഊര്‍ജ വിതരണം പൂര്‍ണമായും സുരക്ഷിതമായി തുടരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ ഊര്‍ജ വിതരണം മുടക്കമില്ലാതെ തുടരുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ്, നോര്‍വേ, കാനഡ, അള്‍ജീരിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് എല്‍എന്‍ജി കാര്‍ഗോകള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പുരി സഭയില്‍ പറഞ്ഞു. എല്‍പിജി ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് കവറേജ് 50 ശതമാനത്തില്‍ നിന്ന് 90 ശതമാനമാക്കി. ഉപഭോക്താവ് ഒടിപി സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ സിലിണ്ടര്‍ ഡെലിവറി ചെയ്തതായി അടയാളപ്പെടുത്തൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.