ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപനം നടത്തി ഇറാൻ റവലൂഷനറി ഗാർഡ്. തങ്ങളുടെ നിർദേശം ലംഘിച്ച് കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഇറാൻ റവലൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. ശത്രുക്കളായ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണക്കുന്നവരുടെയും കപ്പലുകൾക്ക് ഹോർമുസ് വഴി അങ്ങോട്ടോ ഇങ്ങോട്ടോ ഏതു വഴിയ്ക്കുള്ള ഗതാഗതവും നിരോധിച്ചതായും ഇറാൻ സൈന്യം വ്യക്തമാക്കി.ഹോർമുസ്കടക്കാൻ ശ്രമിച്ച മൂന്നു കണ്ടെയ്നർ കപ്പലുകൾ തിരിച്ചയച്ചു.
കരയുദ്ധത്തിന് ഒരുങ്ങുന്നതിന്‍റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഐ.ആർ.ജി.സി ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ, ഇറാന്‍റെ ഊർജ ഉൽപാദന കേന്ദ്രങ്ങൾ ആക്രമിക്കുന്നത് 10 ദിവസവും കൂടി നീട്ടിയെന്ന് ട്രംപ് അറിയിച്ചിരുന്നു. ആഴ്ചകളായി മുടങ്ങിക്കിടക്കുന്ന ഹോർമുസ് ചരക്കുകടത്ത് പുനഃസ്ഥാപിക്കാനായി യു.എസ് നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തിൽ തന്നെ നേരിടാനാണ് ഇറാൻ തയാറെടുക്കുന്നത്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും യു.എസ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.
