ജാഗ്രത നിർദേശങ്ങൾ:
ഇടിമിന്നൽ വളരെ അപകടകാരിയായതിനാൽ മനുഷ്യർക്കും മൃഗങ്ങൾക്കും, കൂടാതെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും ഗൃഹോപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. അതിനാൽ കാർമേഘങ്ങൾ കാണുന്ന സമയത്ത് തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കാതിരിക്കയും വേണം. കഴിയുന്നത്ര കെട്ടിടത്തിനകത്ത് തന്നെ തുടരുകയും ഭിത്തിയിലോ നിലത്തോ സ്പർശം കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുമായി സമ്പർക്കം ഒഴിവാക്കണം. ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
മേഘാവൃതമായ കാലാവസ്ഥയിൽ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും, പ്രത്യേകിച്ച് കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യുകയും അരുത്.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം, കാരണം പൈപ്പിലൂടെ വൈദ്യുതി സഞ്ചരിക്കാം. ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങുന്നത് അപകടകരമാണ്. കാർമേഘങ്ങൾ കാണുന്ന സമയം മുതൽ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നിർത്തി ഉടൻ കരയിലെത്താൻ ശ്രദ്ധിക്കുക. ബോട്ടിന്റെ ഡെക്കിൽ നിൽക്കുകയോ ചൂണ്ടയിടുകയോ വല എറിയുകയോ ചെയ്യരുത്.
#kerala #rain #thiruvananthapuram #LatestNews
