കിരീടപ്പോരാട്ടം ഇന്ന്; മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, കന്നി കിരീടം തേടി ന്യൂസീലന്‍ഡ്

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് എതിരാളികള്‍. മലയാളി താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്നാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം, അതേസമയം ആദ്യ കിരീടം സ്വന്തമാക്കാനാണ് ന്യൂസീലന്‍ഡിന്റെ ശ്രമം. ട്വന്റി20 ലോകകപ്പിന്റെ ആദ്യ ജേതാക്കളായ ഇന്ത്യ 2007ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ആ ചരിത്ര വിജയം. രണ്ടാം കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയുടെ ഇന്ത്യ വീണ്ടും കിരീടം സ്വന്തമാക്കിയത്. അതേസമയം 2014ല്‍ ശ്രീലങ്കയോട് ഫൈനലില്‍ തോറ്റ ചരിത്രവും ഇന്ത്യക്കുണ്ട്. ന്യൂസീലന്‍ഡാകട്ടെ 2021ല്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ആര് ജയിച്ചാലും പുതിയൊരു ചരിത്രം പിറക്കും. ഇന്ത്യ ജയിച്ചാല്‍ ട്വന്റി20 ലോകകപ്പ് മൂന്നു തവണ നേടുന്ന ആദ്യ ടീമായി മാറും. ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ട്വന്റി20 ലോകകപ്പിന് പുതിയൊരു ജേതാവിനെ ലോകം കാണും.

#t20 #worldcup2026 #india #newzealand