രണ്ട് ഭീമന്‍ കപ്പലുകൾ എത്തിയതോടെ രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട പാചകവാതക ഇറക്കുമതി പുനരാരംഭിച്ചു. ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ടാമത്തെ ഇന്ത്യന്‍ എല്‍പിജി ടാങ്കറായ 'നന്ദാ ദേവി' ചൊവ്വാഴ്ച ഗുജറാത്തിലെ വാഡിനാര്‍ തീരത്തെത്തി. 46,500 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് കപ്പല്‍ എത്തിയത്. ഇത് ഏകദേശം 32.4 ലക്ഷം ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് തുല്യമാണ്.

തിങ്കളാഴ്ച 46,000 മെട്രിക് ടണ്‍ ഗ്യാസുമായി 'ശിവാലിക്' എന്ന ആദ്യ കപ്പല്‍ മുന്ദ്ര തുറമുഖത്ത് എത്തിയിരുന്നു. രണ്ട് ഭീമന്‍ കപ്പലുകള്‍ എത്തിയതോടെ രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ നാവികസേനയുടെയും ഇറാന്‍ നാവികസേനയുടെയും സഹായത്തോടെയാണ് കപ്പലുകള്‍ അപകടകരമായ ഹോര്‍മുസ് കടലിടുക്ക് കടന്നത്. നന്ദാ ദേവിയില്‍ നിന്നുള്ള ഗ്യാസ് 'ബിഡബ്ല്യു ബിര്‍ച്ച്' എന്ന കപ്പലിലേക്ക് മാറ്റി തമിഴ്‌നാട് (എണ്ണൂര്‍), പശ്ചിമ ബംഗാള്‍ (ഹാല്‍ദിയ) എന്നിവിടങ്ങളിലേക്ക് എത്തിക്കും.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള എല്‍പിജി വരവ് നിലച്ചത്.

#india #nandadevi #iran #HormuzStrait