ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസുവിന്

ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസുവിന് സമർപ്പി ക്കും. 25000/-രൂപയും ഫലകവുമടങ്ങിയതാണ് 'കേരളത്തിലെ ഹിന്ദി വിദ്യാർത്ഥികളുടെ ഗുരുദക്ഷിണ'യായി നല്കപ്പെടുന്ന ഈ പുരസ്കാരം. ഹിന്ദി ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചക്കും അധ്യാപന മേഖലക്കും നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം സമർപ്പി ക്കുന്നത്. കുമരകം ശ്രീനാരായണ കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.നാദിയ സി.രാജ് അധ്യക്ഷയും ഡോ.രതീഷ് നിരാലാ കൺവീനറുമായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
 2026 ഏപ്രില്‍ 11 ന് തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടക്കുന്ന നിരാലയുടെ വാർഷികോത്‌സവത്തിൽ വച്ച് കവി കുരീപ്പുഴ ശ്രീകുമാര്‍ അവാർഡ് സമർപ്പിക്കും. ആറ്റിങ്ങല്‍ നഗരസഭ ചെയർപേഴ്‌സൺ എം.പ്രദീപ്, കേരള സർവ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി അമ്മ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം, വർക്കല ഗോപാലകൃഷ്ണന്‍, ഡോ.ഒ.വാസവന്‍ എന്നിവര്‍ പ്രസംഗിക്കും. നിരാലാ ബുക്സ് പ്രസിദ്ധീകരിക്കുന്ന മണിപ്പുരി കഥകള്‍, കബീർക്കവിതയിലെ കാന്തി കിരണങ്ങള്‍, ഹിന്ദി പുതുകഥകള്‍ എന്നീ പുസ്തകങ്ങള്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.
 കാലിക്കറ്റ് സർവ്വകലാശാല പ്രൊഫസറായും ഡീനായും പ്രവർത്തിച്ചിട്ടുള്ള ഡോ.ആർസു ഉത്തർപ്രദേശ് , മധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ , കേരള സർക്കാരിൻ്റെ വിവർത്ത നരത്ന പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കോഴിക്കോട് ഭാഷാസമന്വയവേദിയുടെ അധ്യക്ഷനായ ഇദ്ദേഹം നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.