ആലുവ എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു.

ആലുവ എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. പാതാളം സി.ജി. ലൂബ്രിക്കന്റ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. മരിച്ചയാൾ അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമ്പനിയിൽ ഏകദേശം 30 പേർ ഉണ്ടായിരുന്നു. പലർക്കും പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്.
ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

ഓയിൽ കമ്പനിയായതിനാൽ തീ വേഗത്തിൽ ആളിപ്പടർന്നതാണ് അപകടത്തിന്റെ ഗുരുത്വം വർധിക്കാൻ കാരണം. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണ്.