വ്യോമ പാത നിശ്ചലം.,ഗള്‍ഫ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി; കേരളത്തില്‍ വിമാന യാത്രക്കാര്‍ക്ക് പ്രതിസന്ധി

കൊച്ചി: ഇറാനെതിരായ യു.എസ് ഇസ്രാഈല്‍ സംയുക്താക്രമണത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍നിന്നും ഗള്‍ഫ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 17 സര്‍വീസുകളും എത്തേണ്ട 20 വിമാനങ്ങളും ഇതുവരെ എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ട് ദിവസത്തിനിടെ 32 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് റിയാദിലേക്കുള്ള ഒരു സര്‍വീസ് മാത്രമാണ് ഇവിടെ നിന്ന് പുറപ്പെട്ടത്. കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന 25 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 16 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുക. രാവിലെ 8.10ന് മസ്‌കത്തിലേക്ക് ഒരു വിമാനം പുറപ്പെട്ടു. 11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് പുറപ്പെടുമെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ മസ്‌കത്തിലേക്ക് പുറപ്പെട്ട മറ്റൊരു വിമാനം ഒന്നര മണിക്കൂറിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ കൊച്ചിയിലേക്ക് തിരികെ ഇറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ തുടര്‍ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ സൂചിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.