അമേരിക്കയെ ലക്ഷ്യമിട്ട് അഞ്ച് രാജ്യങ്ങള്‍ ആണവമിസൈല്‍ വികസിപ്പിക്കുന്നു; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

വാഷിങ്ടൺ: ഏതാനും രാജ്യങ്ങളിൽനിന്ന് യുഎസിന് വൻതോതിലുള്ള ആണവഭീഷണിയുണ്ടെന്ന് രഹസ്യന്വേഷണറിപ്പോർട്ട്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നാണ് ഭീഷണി. യുഎസ് രഹസ്യാന്വേഷണവിഭാഗം മേധാവി തുൾസി ഗബാർഡാണ് ഇക്കാര്യം അറിയിച്ചത്. 2026 ലെ ആന്വൽ ത്രെറ്റ് അസ്സെസ്മെന്റ് റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു തുൾസി ഗബാർഡ്. യുഎസിനെ ആക്രമിക്കാൻ കഴിവുള്ള മിസൈലുകളുടെ എണ്ണം 2025-ൽ 3,000 ആയിരുന്നത് 2035-ഓടെ 16,000 ആയി കുതിച്ചുയരുമെന്നും അവർ പറഞ്ഞു.

"റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്താൻ എന്നിവ ആണവ, പരമ്പരാഗത പേലോഡുകളോടെ, ആണവവസ്തുക്കൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിവുള്ള നൂതനവും പരമ്പരാഗതവുമായ മിസൈൽ സംവിധാനങ്ങൾ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾ യുഎസിനെയാണ് ലക്ഷ്യമിടുന്നത്.", തുൾസി ഗബാർഡ് പറഞ്ഞു. ചൈനയും റഷ്യയും യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിവുള്ള അതിനൂതന സംവിധാനങ്ങൾ വികസിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

"ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾക്ക് (ICBM) ഇതിനകം യുഎസ് മണ്ണിൽ എത്താൻ കഴിയും, അവർ അവരുടെ ആണവ ശേഖരം വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തിൽ അതീവ ശ്രദ്ധപുലർത്തുകയാണ്," തുൾസി ഗബാർഡ് പറഞ്ഞു. ഉത്തര കൊറിയ റഷ്യയുമായും ചൈനയുമായും ബന്ധം വർദ്ധിപ്പിക്കുകയാണെന്നും അത് ആഗോള സുരക്ഷയ്ക്ക് ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ സൂചിപ്പിച്ചു.

പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ വികസനം യുഎസിനെ ആക്രമിക്കാൻ കഴിവുള്ള ഐസിബിഎമ്മുകൾ കൂടി ഉൾക്കൊള്ളുന്നുവെന്നും തുൾസി ഗബാർഡ് മുന്നറിയിപ്പ് നൽകി. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ യുസിന് വലിയ ഭീഷണിയാണെന്നും അവർ പറഞ്ഞു.

ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിന് വിരുദ്ധമായ അഭിപ്രായമാണ് ഗബാർഡ് പങ്കുവെച്ചത്. 2025 ജൂണിൽ യുഎസ്-ഇസ്രയേലി ആക്രമണത്തിന് ശേഷം ഇറാൻ യുറേനിയം സമ്പുഷ്ടീകരണികൾ പുനർനിർമ്മിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇറാൻ ആണവായുധം നിർമിക്കുന്നതിന് അടുത്തെത്തിയെന്നാണ് ട്രംപ് വാദിച്ചിരുന്നത്.....