പന്തളം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ അറസ്റ്റിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനത്തിൽ സാം ഹാർട്ടറെയാണ് (37) ഇരിങ്ങാലക്കുടയിൽ നിന്ന് പന്തളം പോലീസ് പിടികൂടിയത്. വിദേശത്ത് നഴ്സായ യുവതിയാണ് പരാതി നൽകിയത്.
സുവിശേഷ യോഗങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് സാം ഹാർട്ടർ യുവതിയുമായി അടുപ്പത്തിലായത്. വിവാഹിതനും 11 വയസ്സുള്ള കുട്ടിയുടെ പിതാവുമായ ഇയാൾ, നിലവിൽ മറ്റൊരു യുവതിക്കൊപ്പമാണ് കഴിയുന്നത്. ഈ ബന്ധത്തിലും ഇയാൾക്ക് ഒരു കുട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ പേരിൽ പത്തനംതിട്ട, തിരുവല്ല പോലീസ് സ്റ്റേഷനുകളിലും സാമ്പത്തിക തട്ടിപ്പിന് കേസുകൾ നിലവിലുണ്ട്.
പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. പ്രജീഷ്, എസ്.ഐ രാജൻ.പി.കെ, എ.എസ്.ഐ ബി. ഷൈൻ, പോലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, രഞ്ജിത്ത്.ആർ, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
