വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സൗദി, ഒമാന്‍ വ്യോമമേഖല തുറന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും വെള്ളിയാഴ്ച സര്‍വീസുകളുണ്ടാവും. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. 

ഇന്ന് കേരളത്തില്‍നിന്നും വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും. റാസല്‍ഖൈമയിലേക്കു കൊച്ചിയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. അതേസമയം മസ്‌കത്തിലേക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും സര്‍വീസുണ്ടാകും. ദുബായില്‍നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യയുടെ സര്‍വീസുണ്ടാകും.

ഇന്‍ഡിഗോയും സര്‍വീസുകളുടെ എണ്ണം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നും ഗള്‍ഫിലെ 8 വിമാനത്താവളങ്ങളിലേക്ക് 34 സര്‍വീസുകളാണ് വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകള്‍ ഇതിലുണ്ട്.

മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്‌പൈസ്‌ജെറ്റ് ഗള്‍ഫിലേക്ക് 14 സര്‍വീസുകള്‍ നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്നാണ്, ഒരെണ്ണം ദുബായ്-മുംബൈ റൂട്ടിലുമുണ്ടാവും. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കു 7.20നും തിരികെ ജിദ്ദയില്‍നിന്നു രാത്രി 11.55നും ആകാശ എയര്‍ സര്‍വീസ് നടത്തും. എന്നാല്‍ അബുദാബി, ദോഹ, റിയാദ്, കുവൈത്ത് സര്‍വീസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല.

അതേസയമം ദുബായില്‍ നിന്ന് 100 സര്‍വീസുകള്‍ നടത്തുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിട്ടുള്ളത് കൊച്ചി, തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്ക് കമ്പനി വിമാനം അയയ്ക്കും. അറിയിപ്പ് ലഭിച്ചവര്‍ക്കായി റിലീഫ് ഫ്‌ളൈറ്റുകളും ആരംഭിച്ചിട്ടുണ്ട്.