എല്‍പിജി സിലിണ്ടറിന് വേണ്ടി ക്യൂവില്‍ നില്‍ക്കവെ തളര്‍ന്ന വീണ് യുപിയിലും പഞ്ചാബിലും ഓരോ മരണം

പഞ്ചാബില്‍ ബര്‍ണാല സ്വദേശിയായ ഭൂഷണ്‍ കുമാര്‍ (60) ആണ് ക്യൂവില്‍ നില്‍ക്കവേ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. ഉത്തര്‍പ്രദേശ് ഫാറൂഖാബാദില്‍ 75 കാരനായ മുഖ്താര്‍ അന്‍സാരി പാചകവാത സിലിണ്ടറിന് വേണ്ടി ക്യൂ നില്‍ക്കവേ തളര്‍ന്ന് വീണ് മരിക്കുകയായിരുന്നു. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകവേ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എല്‍പിജി സിലിണ്ടറിന് വേണ്ടി വന്‍ ജനക്കൂട്ടങ്ങള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ഇതേ തുടര്‍ന്നാണ് പലയിടങ്ങളിലും മരണങ്ങള്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എല്‍പിജി പ്രതിസന്ധി പരിഹരിക്കാനാവാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയിലും പുറത്തും വ്യാപകപ്രതിഷേധം ഉയര്‍ത്തി.

ബര്‍ണാല ജില്ലയിലെ ഷെഹ്ന ബ്ലോക്കിലുള്ള ഒരു ഗ്യാസ് ഏജന്‍സിയില്‍ പാചകവാതക സിലിണ്ടര്‍ വാങ്ങാനെത്തിയ ഭൂഷണ്‍ കുമാര്‍ മിത്തല്‍ എന്നയാള്‍ കുഴഞ്ഞുവീണു മരിച്ചത്. രാവിലെ 8 മണിയോടെ ഏജന്‍സിയിലെത്തിയ ഇദ്ദേഹത്തിന് 25-ാം നമ്പര്‍ ടോക്കണാണ് ലഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറോളം വരിയില്‍ കാത്തുനിന്ന ഭൂഷണ്‍, ക്ഷീണം കാരണം ഒരു സിലിണ്ടറില്‍ ഇരിക്കുന്നതിനിടെ 10 മണിയോടെ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഈ ദാരുണമായ സംഭവം. ബുക്കിംഗ് സിസ്റ്റത്തിലെ തടസ്സങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ മാത്രമാണ് 20 ശതമാനം കുറവുണ്ടായതെന്നും ജില്ലാ ഭരണകൂടവും ഏജന്‍സികളും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ഗ്യാസ് ഏജന്‍സികളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്....