മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ മണി നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ, ആ സ്മരണകൾക്ക് മുന്നിൽ കണ്ണീരോടെയല്ലാതെ ഒരു മലയാളിക്കും നിൽക്കാനാവില്ല. മണിച്ചേട്ടൻ മരിച്ച അന്ന് മുതൽ ആ കുടുംബത്തെ കുറിച്ചും അദ്ദേഹത്തിന്റെ ഏക മകൾ ശ്രീലക്ഷ്മിയെ കുറിച്ചും മലയാളികൾ നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നു. ക്യാമറക്കണ്ണുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാറിനിന്ന ആ കുടുംബത്തിൽ നിന്ന് ഇപ്പോൾ വരുന്നത് മണിച്ചേട്ടൻ സ്വർഗ്ഗത്തിലിരുന്ന് പുഞ്ചിരിക്കുന്ന ഒരു വലിയ സന്തോഷവാർത്തയാണ്.
അച്ഛന്റെ വലിയൊരു സ്വപ്നം മകൾ ഇന്ന് യാഥാർത്ഥ്യമാക്കിയിരിക്കുന്നു, നമ്മുടെ പാപ്പ ഇനി ഡോക്ടർ ശ്രീലക്ഷ്മിയാണ്. മണിച്ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ മകളെ ഒരു ഡോക്ടറാക്കണമെന്നത്. വെറുമൊരു ഡോക്ടറല്ല, പാവപ്പെട്ടവർക്ക് താങ്ങും തണലുമാകുന്ന, അവർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു മാലാഖയാകണം അവൾ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അച്ഛന്റെ വിയോഗം തളർത്തിയ ആ പത്താം ക്ലാസ്സുകാരിയിൽ നിന്ന്, കഠിനാധ്വാനത്തിലൂടെ മെഡിക്കൽ ബിരുദം നേടിയ ഈ മിടുക്കിയിലേക്കുള്ള ദൂരം അത്ര എളുപ്പമായിരുന്നില്ല. അച്ഛന്റെ ചിതയണയും മുൻപ് പരീക്ഷാഹാളിലിരിക്കേണ്ടി വന്ന ആ പെൺകുട്ടി, തന്റെ വേദനകളെല്ലാം പഠനത്തിനുള്ള ഊർജ്ജമാക്കുകയായിരുന്നു.
എൻട്രൻസ് പരിശീലനത്തിനായുള്ള കാത്തിരിപ്പിനും കഠിന പരിശ്രമത്തിനുമൊടുവിൽ എറണാകുളം ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് അവൾ ആ സ്വപ്നം കൈപ്പിടിയിലൊതുക്കി. മകളുടെ പഠനത്തിനായി മണികൂടാരത്തിൽ നിന്നും മാറി എറണാകുളത്ത് വാടകയ്ക്ക് താമസിച്ച് അവൾക്ക് തണലായ അമ്മ നിമ്മിയുടെ ത്യാഗവും ഈ വിജയത്തിന് പിന്നിലുണ്ട്. മണിച്ചേട്ടന്റെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനാണ് ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. ചേട്ടൻ കാണിച്ചുതന്ന പാതയിലൂടെ പതറാതെ സഞ്ചരിച്ചപ്പോൾ തനിക്കും ഡോക്ടറേറ്റ് നേടാനും കലാമണ്ഡലത്തിൽ അധ്യാപകനാകാനും കഴിഞ്ഞുവെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
മണിച്ചേട്ടൻ ഇന്നും ചാലക്കുടിക്കാരുടെ മനസ്സിൽ ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നും ജനപ്രവാഹമൊഴിയാത്ത 'മണികൂടാരം' എന്ന വീട്. സഹായം അഭ്യർത്ഥിച്ചു വരുന്നവർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും ആ വീടിന്റെ വാതിലുകൾ എന്നും തുറന്നുതന്നെ കിടന്നു. മണിച്ചേട്ടൻ മരിച്ചതോടെ ആ പ്രവാഹം നിൽക്കുമെന്ന് പലരും കരുതിയെങ്കിലും, ഇന്നും അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ പ്രണാമമർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
പാവപ്പെട്ടവർക്കായി ഒരു ആശുപത്രി പണിയണമെന്ന മണിച്ചേട്ടന്റെ ആഗ്രഹം ഇനി മകളിലൂടെ സഫലമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അച്ഛന്റെ ഓർമ്മകൾക്ക് മുന്നിൽ ഈ നേട്ടം സമർപ്പിക്കുമ്പോൾ, അത് ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലം കൂടിയാണ്. അച്ഛന്റെ പാത പിന്തുടർന്ന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ഒരു നല്ല ഡോക്ടറായി ശ്രീലക്ഷ്മി മാറട്ടെ..
