പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; രാജ്യത്ത് ഇന്ധനവില വർധന ഉടൻ ഉണ്ടാകുമോയെന്നതിൽ കേന്ദ്രസർക്കാർ പറയുന്നത്

ന്യൂഡൽഹി: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനെ ആക്രമിക്കുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്തത് ഗൾഫിൽ ഉൾപ്പെടെ അതീവ സംഘർഷ സാഹചര്യത്തിലെത്തിച്ചിരുന്നു. ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദിയിലെ ദേശിയ എണ്ണ കമ്പനിയായ അരാംകോയുടെ പ്രവർത്തനം താൽക്കാലികമായി നിർത്ത് വയ്ക്കുക വരെ ചെയ്തു.ഖത്തറിലാകട്ടെ ലോകത്തെ തന്നെ ഏറ്റവുംവലിയ എൽ എൻ ജി പ്ലാന്റ് അടക്കുകയും ചെയ്തു.ഇന്ത്യയിലേക്ക് ഉൾപ്പെടെ ഇന്ധനം എത്തുന്നത് ഇവിടെ നിന്നാണ്.ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഇതുവഴിയുള്ള കണ്ടെയ്നർ കപ്പൽ ഗതാഗതവും നിശ്ചലമായി. എന്നാൽ ഈ സാഹചര്യത്തിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കൂടിയേക്കില്ല. രാജ്യത്ത് ദിവസത്തേയ്ക്കുള്ള എണ്ണയും ഇന്ധനവും ഉണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.എണ്ണ വാങ്ങുന്നതിനു മറ്റ് മാർഗങ്ങൾ പരിശോധിക്കുന്നതായും സർക്കാർ അറിയിച്ചു. 

സംഘർഷത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ആഗോള എണ്ണവിലയില്‍ 10% വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് എണ്ണയിലെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനെ തുടര്‍ന്ന് റഷ്യന്‍ എണ്ണയോട് വിട പറയേണ്ടി വന്നതും ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. യുദ്ധം നീണ്ടാല്‍ ആഗോള എണ്ണവില 110 ഡോളര്‍ വരെ കുതിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് 60- 65 ഡോളറില്‍ നിന്ന എണ്ണവിലയെ പറ്റിയാണ് പറയുന്നത്. അത്തരമൊരു വില വര്‍ധന പ്രാദേശിക ഇന്ധനവിലയില്‍ ഉടന്‍ വന്‍ കുതിപ്പിന് വഴിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചിരുന്നെങ്കിലും തുടര്‍ന്ന് കൂപ്പുകുത്തിയിരുന്നു.എന്നാല്‍ എണ്ണവില കൂപ്പുകുത്തിയിട്ടും രാജ്യത്ത് ഇന്ധനവില കുറച്ചിരുന്നില്ല. റഷ്യയില്‍ നിന്ന് എണ്ണയ്ക്ക് വലിയ കിഴിവ് ലഭിച്ചിട്ടും എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചിരുന്നില്ല. ഇത് കമ്പനികളുടെ മാര്‍ജിന്‍ മികച്ച രീതിയില്‍ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ കുറഞ്ഞ വിലയില്‍ എണ്ണ സംഭരിക്കാനും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കു സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ യുദ്ധ സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.ആഗോള എണ്ണവില കുതിക്കുകയും, രൂപയുടെ മൂല്യമിടിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിച്ച് പണപ്പെരുപ്പം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ തുടര്‍ന്ന മൗനം ഇവിടെ മികച്ച ബഫര്‍ ആയി പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലെ പെട്രോളിന്റെയും, ഡീസലിന്റെയും ചില്ലറ വില്‍പ്പന വില സമീപഭാവിയില്‍ വര്‍ധിക്കാന്‍ സാധ്യതയില്ല.