ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം (1995) നടപ്പില്‍ വരുത്തി. പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2026 മാര്‍ച്ച് 9-ന് പുറത്തിറക്കിയ ഉത്തരവ്, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു.വിജ്ഞാപനം പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുന്‍കാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊര്‍ജ്ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG), ഗതാഗതത്തില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG), LPG ഉത്പാദനം, പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇത് പ്രകാരം ഹോട്ടലുകള്‍ക്ക് പാചകവാതകം ലഭ്യമാകാൻ കടുത്ത നിയന്ത്രണം വരും.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തിറങ്ങി.
അതേസമയം, വിതരണം ഉറപ്പാക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ടതാണ് സമിതി.നാലാം തീയതി പുറത്തിറങ്ങിയ ഉത്തരവിന്റെ ചുവടു പിടിച്ചാണ് ഇന്ന് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ പരാതികൾ സമിതി പരിശോധിക്കും. ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള ഇന്നലെ നിർബന്ധമാക്കിയിരുന്നു.
അതേ സമയം തെക്കൻ കേരളത്തിലെ പലയിടത്തും വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം ഹോട്ടലുകളെ ബാധിച്ചതായി ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവയ്ക്കാൻ നേരത്തേ അനൗദ്യോഗികമായാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇന്നലെ ചില എണ്ണക്കമ്പനികൾ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് ഇമെയിൽ തന്നെ അയച്ചതായി വിവരമുണ്ട്. അതേസമയം ചില എണ്ണക്കമ്പനികൾ ഏജൻസികൾ സിലിണ്ടർ വിതരണം ചെയ്യുന്ന ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരം തേടിയിട്ടുണ്ട്. ഇവയ്ക്ക് ഇളവു നൽകാനാണ് നീക്കമെന്നാണു വിവരം. എന്നാൽ അവശ്യമേഖലയായ ഹോട്ടലുകൾക്ക് ഇളവൊന്നും ലഭിക്കുന്നില്ല.
