നിലമ്പൂർ കരുളായിയിൽ ചായ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വന്തം മക്കളുടെ കൺമുന്നിൽ വെച്ചാണ് രജിലയ്ക്ക് വെട്ടേറ്റത്. വെട്ടേറ്റ് വീണ രജില മക്കളോട് വെള്ളം ചോദിച്ചെങ്കിലും അത് കുടിക്കുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു. രജിലയുടെ ഭർത്താവ് സുനിൽ ഓട്ടം പോയ സമയത്താണ് കൊലപാതകം നടന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
