വെഞ്ഞാറമൂട്ടിൽ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ നഴ്സിങ് കോളേജ് വിദ്യാർത്ഥി പുനലൂർ ചെമ്മണ്ണൂർ പത്തേക്കർ കൈലാസ് മന്ദിരത്തിൽ ജഗത് വിജയ് (23) ആണ് മരണപ്പെട്ടത് . അജയകുമാറിന്റെയും സോജകുമാരിയുടെയും മകനാണ്. ശനി രാത്രി 12 മണിയോട് അടുപ്പിച്ച് എം.സി റോഡിൽ കീഴായിക്കോണം ജങ്ഷനു സമീപത്താണ് അപകടം.
കിളിമാനൂർ ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ജീപ്പും എതിരെ വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജഗത് വിജയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
