പിങ്ക് സിറ്റിയായ ജയ്പൂരില്‍ ആനയെ പിങ്ക് ചായം പൂശി റഷ്യന്‍ ഫോട്ടോഗ്രാഫര്‍ നടത്തിയ ഫോട്ടോഷൂട്ട് വലിയ വിവാദമാകുന്നു.

പിങ്ക് സിറ്റിയായ ജയ്പൂരില്‍ ആനയെ പിങ്ക് ചായം പൂശി റഷ്യന്‍ ഫോട്ടോഗ്രാഫര്‍ നടത്തിയ ഫോട്ടോഷൂട്ട് വലിയ വിവാദമാകുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണിതെന്ന് ആരോപിച്ച് മൃഗസ്നേഹികള്‍ രംഗത്തെത്തിയതോടെ രാജസ്ഥാന്‍ വനംവകുപ്പ് സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റഷ്യന്‍ ട്രാവല്‍ ഫോട്ടോഗ്രാഫറായ ജൂലിയ ബുറുലേവയാണ് മോഡലിനൊപ്പം പിങ്ക് നിറം പൂശിയ ആനയെ ഉള്‍പ്പെടുത്തി എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ജയ്പൂര്‍ നഗരത്തിന്റെ പൈതൃകമായ പിങ്ക് നിറത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയതെന്ന് ജൂലിയ അവകാശപ്പെട്ടു. മോഡലായ യശസ്വിയെയും 'ചഞ്ചല്‍' എന്ന ആനയെയും പിങ്ക് ചായം പൂശി കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍, ആനയെ തല മുതല്‍ കാല്‍ വരെ ചായത്തില്‍ മുക്കിയ നടപടി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായി. ഇത് ആനയ്ക്ക് ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആനയുടെ ദേഹത്ത് ഉപയോഗിച്ചത് ഓര്‍ഗാനിക് ചായമാണെന്നും ഉത്സവങ്ങളില്‍ ആനകളെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള സുരക്ഷിതമായ നിറങ്ങളാണെന്നുമാണ് ജൂലിയയുടെ വിശദീകരണം. ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച ചഞ്ചല്‍ എന്ന ആനയ്ക്ക് 65 വയസ്സായിരുന്നുവെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ആന ചരിഞ്ഞതായും ഉടമ ഷാദിക് ഖാന്‍ വെളിപ്പെടുത്തി. പത്ത് മിനിറ്റ് നീണ്ട ഷൂട്ടിന് ശേഷം ഉടന്‍ തന്നെ ചായം കഴുകിക്കളഞ്ഞെന്നും ചായം പൂശിയത് കൊണ്ട് ആനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും ഉടമ കൂട്ടിച്ചേര്‍ത്തു.

വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. ഫോട്ടോഷൂട്ടിനായി ആവശ്യമായ ഔദ്യോഗിക അനുമതികള്‍ വാങ്ങിയിട്ടുണ്ടോ എന്നും മൃഗക്ഷേമ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും അധികൃതര്‍ പരിശോധിക്കും. മൃഗങ്ങളെ വെറും കാഴ്ചവസ്തുക്കളായോ വിനോദോപാധികളായോ ഉപയോഗിക്കുന്ന പ്രവണതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
#pinkcity #elephent #rajasthan #news