മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്–ഡാർലി ബിജു ദമ്പതികളും നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിക്ഷ വിധിച്ചത്. തുടക്കം മുതൽ തന്നെ പരാതിക്കാരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
2011ൽ യുകെയിലേക്കുള്ള വിസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയതായി കേസ് പറയുന്നു. വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012ൽ പണം തിരികെ നൽകുന്നതിനായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പൊലീസിൽ പരാതി നൽകി. ഈ കേസിൽ 50 ലക്ഷം രൂപ പിഴയായി അടച്ച് അത് പരാതിക്കാരന് നൽകണമെന്നുമാണ് കോടതി ഉത്തരവ്.
അതേസമയം, യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന കേസിലും കോടതി ജോബിയെ കുറ്റക്കാരനായി കണ്ടെത്തി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ഓഫ്-ലൈസൻസ് ഷോപ്പിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതി.
എന്നാൽ യുകെയിലെത്തിയ ശേഷമാണ് തട്ടിപ്പ് ദമ്പതികൾക്ക് മനസ്സിലായത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ജോബി ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പൊലീസിനോട് മൊഴി നൽകിയിരുന്നു. ഈ കേസിൽ കോടതി രണ്ട് വർഷം തടവും 16.52 ലക്ഷം രൂപ പിഴയും വിധിച്ചു.
കേസിൽ ജോബി ജോർജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ആദ്യം മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ. പിന്നീട് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പിഎംഎൽഎ കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ശിക്ഷാവിധി നടപ്പാക്കുന്നതിന് വിചാരണക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
