ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഭൂഗർഭ ആയുധശേഖരത്തിന് നേരെ അമേരിക്കയുടെ അതിശക്തമായ ബോംബാക്രമണം. റിപ്പോർട്ടുകൾ പ്രകാരം, 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഇന്ന് പുലർച്ചെ യുഎസ് ഇറാനിൽ വർഷിച്ചത്. ഇറാന്റെ ഭൂഗർഭ സൈനിക സമുച്ചയങ്ങളെ പൂർണ്ണമായും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് മാരകശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചത്. യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇറാന്റെ 'ബദർ' സൈന്യത്തിന്റെ നിർണ്ണായകമായ വ്യോമസേന താവളം ഇസ്ഫഹാനിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, ഇസ്ഫഹാനിലെ ഭൂഗർഭ അറകളിൽ ഏകദേശം 540 കിലോ സംപുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിട്ടുള്ളതായി അടുത്തിടെ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
