ബർസപ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ കേളികേട്ട ചെന്നൈ നിരയെ 15കാരൻ പയ്യൻ തച്ചുതകർക്കുകയായിരുന്നു. ജോഫ്ര ആർച്ചറും നാന്ദ്രേ ബർഗറും നയിച്ച ബൗളിങ് പ്രകടനത്തിൽ തകർന്നടിഞ്ഞ സൂപ്പർ കിങ്സിനെതിരെ റോയൽ ബാറ്റിങ്ങായിരുന്നു രാജസ്ഥാന്റേത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വൻ ഭാഗ്യമൊരുക്കിയാണ് കളി ചൂടുപിടിച്ചത്. ആദ്യ ഓവറിൽ മാറ്റ് ഹെൻട്രിയുടെ പന്തിൽ സൂര്യവംശിയെ മിഡ്‌വിക്കറ്റിൽ കൈകളിലൊതുക്കാൻ ലഭിച്ച അവസരം പക്ഷേ, കാർത്തിക് ശർമ വിട്ടുകളഞ്ഞു. ആദ്യപന്തുമുതൽ ആക്രമിച്ചുകളിച്ച വൈഭവ് ആ അവസരം മുതലെടുത്ത് 15 പന്തിൽ അർധശതകം പൂർത്തിയാക്കി. ഐ.പി.എല്ലിൽ വൈഭവിനേക്കാൾ വേഗത്തിൽ മുമ്പ് 50 റൺസ് നേടിയത് കെ.എൽ. രാഹുൽ, പാറ്റ് കമ്മിൻസ്, റൊമേരിയോ ഷെഫേർഡ്, റോയൽസിന്റെ തന്നെ ഓപണർ യശസ്വി ജയ്‌സ്വാൾ എന്നിവർ മാത്രം.
അൻഷുൽ കാംബോജിന്റെ പന്തിൽ ഏഴാം ഓവറിൽ തകർപ്പൻ ക്യാച്ചിലൂടെ സർഫറാസ് ഖാൻ വൈഭവിനെ തിരിച്ചയക്കുമ്പോൾ റോയൽസിന്റെ സ്കോർബോർഡിൽ 75 റൺസ് എത്തിയിരുന്നു. ഒമ്പതു പന്തിൽ 18 റൺസെടുത്ത ധ്രുവ് ജുറേലിനെ കാംബോജ് ക്ലീൻബൗൾഡാക്കിയെങ്കിലും ഒരുവശത്ത് ജാഗ്രതയോടെ കളിച്ച യശശ്വി ജയ്സ്വാളും (36പന്തിൽ 38 നോട്ടൗട്ട്) ക്യാപ്റ്റൻ റിയാൻ പരാഗും (14) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ രാജസ്ഥാന് വിജയത്തുടക്കം സമ്മാനിച്ചു.
നേരത്തേ, രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ചെന്നൈയെ ചെറിയ സ്കോറിൽ ഒതുക്കിയത്. 36 പന്തിൽ 43 റൺസെടുത്ത ജാമീ ഓവർടണാണ് ചെന്നൈയുടെ ടോപ് സ്കോറർ. കാർത്തിക് ശർമ (15 പന്തിൽ 18), സർഫറാസ് ഖാൻ (12 പന്തിൽ 17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാർ.
ബർഗർ നയിച്ച രാജസ്ഥാൻ പേസ് നിര ചെന്നൈയെ തുടക്കം മുതലേ സമ്മർദത്തിലാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ ചെന്നൈക്ക് വലിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ ബർഗർ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്....
