വെമ്പായം: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം കൊഞ്ചിറ നാലുമുക്ക് ചെറക്കോണം എൻ.എസ്. മൻസിലിൽ ഷിഹാബുദീൻ (52) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി ജോലി ചെയ്തു വരികയായിരുന്നു ഷിഹാബുദീൻ. മൃതദേഹത്തിന് സമീപത്തുനിന്ന് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും, അടുത്തുള്ള വഴിയിൽ നിന്ന് ഇദ്ദേഹത്തിന്റെ ബൈക്കും കണ്ടെടുത്തു. മൃതദേഹം ആദ്യം കണ്ടത് പ്രദേശവാസിയാണ്. തുടർന്ന് വട്ടപ്പാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വട്ടപ്പാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
