വാമനപുരത്ത് ഒരു വയസുകാരി മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

വെഞ്ഞാറമൂട്: വാമനപുരം കണിച്ചോട് ഒരു വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചോട് സ്വദേശികളായ അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുഞ്ഞിന്റേത് കൊലപാതകമാണെന്ന പ്രാഥമിക സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
​വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കുഞ്ഞിന്റെ മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്ന് കരുതിയ മുത്തശ്ശി പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
​കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന സൂചനകളെത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു.