ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പിന്നിലൂടെ പോകുന്നവർ ഇപ്പോൾ ഒന്ന് നിന്നുപോകും. ഒരു പുതിയ വീടിന്റെ പണി നടക്കുകയാണ് അവിടെ. പക്ഷേ സംഗതി അതല്ല, ആ വീടിന്റെ ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കണ്ടാൽ ആരും ഒന്ന് ഞെട്ടും! വലിയ കണ്ണുകളുമായി വിസ്മയത്തോടെ നോക്കുന്ന ഒരു സ്ത്രീയുടെ ചിത്രം.
"ഇതെന്താ സംഗതി?" എന്ന് ചോദിച്ചാൽ ഉത്തരം സിംപിളാണ്. നമ്മുടെ നാട്ടിൽ പണ്ടുമുതലേ നിലനിൽക്കുന്ന 'കണ്ണേറ്' അല്ലെങ്കിൽ 'ദൃഷ്ടിദോഷം' മാറ്റാനുള്ള ഒരു പുതിയ ഐറ്റമാണിത്. പണ്ട് വീട് പണിയുമ്പോൾ കരിമ്പൂച്ചയെയോ, കോലങ്ങളെയോ അല്ലെങ്കിൽ വൈക്കോൽ പാവകളെയോ ഒക്കെയായിരുന്നു വെച്ചിരുന്നതെങ്കിൽ, ഇപ്പോൾ കാലം മാറി കോലവും മാറി!
പുതിയ വീട് പണിയുമ്പോൾ നാട്ടുകാരുടെ മുഴുവൻ കണ്ണും ആ വീട്ടിലേക്കായിരിക്കും. ആ നോട്ടത്തിന്റെ 'പവർ' ഒന്ന് കുറയ്ക്കാൻ വേണ്ടിയാണ് ഇത്രയും വലിയ കണ്ണുകളുള്ള ഈ ചിത്രം അവിടെ സ്ഥാപിച്ചിരിക്കുന്നത്. വഴിപോക്കരുടെ ശ്രദ്ധ വീടിന് പകരം ഈ ചിത്രത്തിലേക്ക് പോകും എന്നതാണ് ഇതിന് പിന്നിലെ മനഃശാസ്ത്രം (അല്ലെങ്കിൽ വിശ്വാസം!).
എന്തായാലും സംഗതി കലക്കി. പേടിച്ചുപോയി എന്ന് പറയുന്നവരുണ്ട്, ചിരിച്ചുപോയി എന്ന് പറയുന്നവരുമുണ്ട്. എന്തൊക്കെയായാലും ഹരിപ്പാട്ടെ ഈ വീട് ഇപ്പോൾ ആള് ഫേമസ്സായി എന്ന് പറഞ്ഞാൽ മതിയല്ലോ!
