ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യുഎഇയിലും ഖത്തറിലും ഈദ് പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല.
അതിനിടെ, ദുബൈയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി അമേരിക്ക നടത്തുന്ന പരിശ്രമങ്ങളില്‍ പങ്കാളിയായേക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് സൂചിപ്പിച്ചു. നിലവില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി സംസാരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും സുരക്ഷയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. എന്നാല്‍ മേഖലയില്‍ സൈനിക നീക്കം ശക്തമാക്കിയ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്, ഹോര്‍മുസ് തീരത്തെ മിസൈല്‍ ഡിപ്പോകള്‍ ലക്ഷ്യമിട്ട് വന്‍ ആക്രമണം നടത്തി.
കപ്പല്‍ വേധ മിസൈല്‍ ഡിപ്പോകള്‍ ആക്രമിച്ചു. ഭൂഗര്‍ഭ വേധ ബോംബുകള്‍ പ്രയോഗിച്ചെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാന്‍ വിമുഖത കാണിക്കുന്ന യൂറോപ്യന്‍ സഖ്യകക്ഷികളുടെ നിലപാടില്‍ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയേണ്ടത് യുഎസിന്റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റര്‍ കുറ്റപ്പെടുത്തി.
നിലവിലെ സംഘര്‍ഷത്തില്‍ ഫ്രാന്‍സ് പങ്കാളികളല്ലെന്നും സംഘര്‍ഷം അവസാനിച്ചു കഴിഞ്ഞാല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ ഫ്രാന്‍സ് സഹായിക്കൂ എന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ യുദ്ധം നാറ്റോയുടെ വിഷയമല്ലെന്ന് ജര്‍മനിയും നിലപാടെടുത്തു. ജപ്പാന്‍, ഓസ്ട്രേലിയ, പോളണ്ട്, സ്പെയിന്‍, ഗ്രീസ്, സ്വീഡന്‍ എന്നീ രാജ്യങ്ങളും ഹോര്‍മുസ് കടലിടുക്കിലെ സൈനിക ഇടപെടലില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്....
