തിരുവനന്തപുരം: ജനവാസ കേന്ദ്രത്തില്‍ എത്തിയ മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി. കഴിഞ്ഞദിവസം കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ 28 നാണ് സംഭവം. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മുള്ളന്‍ പന്നി കയറിയത്. വിവരം അറിഞ്ഞെത്തിയ ശശി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്തുനില്‍ക്കാതെ ഇരുമ്പ് വടി കൊണ്ട് മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയായ മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
