ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വധവുമായി ബന്ധപ്പെട്ട കുടുതൽ വിവരങ്ങൾ പുറത്ത് വന്നു. ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഉൾപ്പടെ ഇസ്രായേൽ ഹാക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങൾ തൽസമയം ടെൽഅവീവിലെ സെർവറുകളിലേക്ക് എത്തി. മൊസാദ് മാസങ്ങളെടുത്താണ് ടെഹ്‌റാനിലെ സുരക്ഷാ വിന്യാസം നിരീക്ഷിച്ച് ഖമനയിയുടെ യാത്രാക്രമം മനസിലാക്കിയത്. ഖമനെയി അടക്കം യോഗത്തിനെത്തിയവരുടെ കാറുകൾ നിർത്തിയിട്ട സ്ഥലത്തും ക്യാമറ ഉണ്ടായിരുന്നു. ആക്രമണസമയത്ത് പാസ്ചർ സ്ട്രീറ്റിലെ ടെലിഫോൺ ടവറുകൾ തകരാറിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ജീവനക്കാർ വിളിക്കുമ്പോൾ ഫോണുകൾ തിരക്കിലെന്നായിരുന്നു മറുപടി. ജെറുസലേം പോലെ ടെഹ്റാനും തങ്ങൾക്ക് കൈവെള്ളയെന്ന പോലെ പരിചിതമെന്നാണ് ഇസ്രായേൽ രഹസ്യന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തിയത്.
യുദ്ധം തുടങ്ങുന്നതിന് മുൻപേ ഖമനെയിയെ ലക്ഷ്യമാക്കാൻ രാഷ്ട്രീയ അനുമതി നൽകിയിരുന്നുവെന്നും റിപ്പോര്‍ട്ട്. ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിലടക്കം മൊസാദിൻ്റെ ചാരൻമാർ കയറിക്കൂടിയിരുന്നു. പൊതുവേ ബങ്കറുകൾ ഉപയോഗിക്കാതിരുന്ന ഖമനെയി, ആക്രമണ ഭീഷണി ഉയർന്നതിനു പിന്നാലെ രണ്ട് ബങ്കറുകളിൽ മാറിമാറി താമസിച്ചിരുന്നുവെന്നാണ് വിവരം. യുദ്ധം തുടങ്ങിയാൽ ബങ്കറിലേക്ക് മാറുമെന്ന കണക്കുകൂട്ടലിൽ തുടക്കത്തിലേ ഖമനെയിയെ ലക്ഷ്യമിട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂണിലെ യുദ്ധത്തിൽ ഖമനെയിയെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ച പാസ്ചർ സ്ട്രീറ്റിലെ ഓഫീസിൽ നിർണായക യോഗം ഉണ്ടെന്ന രഹസ്യവിവരം യുഎസ് രഹസ്യാന്വേഷണ ഏജൻസി സിഐഎക്ക് ലഭിച്ചതായും, ഇസ്രായേലിന്റെ മൊസാദ് ഈ വിവരം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ഉന്നത ഉദ്യോഗസ്ഥരടക്കം ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമായതോടെയാണ് അർധരാത്രി നടത്താനിരുന്ന ആക്രമണം രാവിലെ തന്നെ നടത്താൻ തീരുമാനിച്ചത്. അനുമതി ലഭിച്ചതോടെ ഖമനെയിയുടെ ഓഫിസിലേക്ക് ചെറിയ ലക്ഷ്യങ്ങളിൽ പോലും അതീവ കൃത്യതയോടെ നാശമുണ്ടാക്കുന്ന 'ബ്ലു സ്പാരോ' മിസൈൽ അടക്കം പ്രയോഗിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ ഇന്നലെയാണ് മരിച്ചത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
