ആറ്റിങ്ങൽ : നഗരസഭ ആരോഗ്യവിഭാഗവും, ജില്ലാ ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൺ എം.പ്രദീപ് നിർവ്വഹിച്ചു.
മാമം ജംഗ്ഷൻ മുതൽ ആലംകോട് കൊച്ചുവിളമുക്കു വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും ഒന്നാഘട്ടമായി ശുചീകരിക്കും.
കണ്ടിജൻ്റ് തൊഴിലാളികൾ ഹരിതകർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ വിവിധ റെസിഡൻസ് അസോസിയേഷനുകൾ എൻ.എസ്.എസ് വോളൻ്റിയർമാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നഗരത്തെ മാലിന്യ മുക്തമാക്കുന്നത്. വാർഡ് അടിസ്ഥാനത്തിൽ നാട്ടുകാരുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തി രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
ജൈവ അജൈവ മാലിന്യങ്ങൾ അവിടെ വെച്ച് തന്നെ തരംതിരിച്ച് ശേഖരിച്ച ശേഷമാണ് സംസ്കരണ ശാലയിലേക്ക് എത്തിക്കുന്നത്.
ഇതിനായി ഓരോ വാർഡിനും 40000 രൂപ വരെ അനുവദിച്ചിട്ടുണ്ട്.
മഴക്കാലത്ത് ഉണ്ടാകുന്ന കൊതുകുജന്യ രോഗങ്ങളും മറ്റു സാംക്രമിക രോഗങ്ങൾക്കും ഇതിലൂടെ തടയിടുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം.
കൂടാതെ ഹോമിയോ പ്രതിരോധ മരുന്നുകൾ വാർഡുകളിൽ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും നഗരസഭാ അധ്യക്ഷൻ അറിയിച്ചു.
മാമം ജംഗ്ഷനിൽ വെച്ചു നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.എം. താഹ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ പ്രിയാസാബു, അഡ്വ.എസ്.സുരേഷ്, ക്ലീൻസിറ്റി മാനേജർ, എം.ആർ.റാംകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ.ആരീഷ്, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർമാർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
