സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്നലെ രാത്രിവരെ നാടകീയ രംഗങ്ങൾ, വില ഇന്നും കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ അമ്പരപ്പിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. രാവിലെ വൻ ഇടിവ് രേഖപ്പെടുത്തിയ വിപണി ഉച്ചയ്ക്ക് ഒരു ലക്ഷത്തിന് താഴേക്ക് ഇറങ്ങി ഞെട്ടിച്ചു. എന്നാൽ മണിക്കൂറുകൾക്കകം ആ ആശ്വാസത്തെ ഇല്ലാതാക്കിയാണ് വില വീണ്ടും കുതിച്ചുയർന്നത്. അതിന് പിന്നാലെ രാത്രിയിൽ വിപണിയിൽ വീണ്ടും മാറ്റം. വില വീണ്ടും താഴോട്ട്. ഇതിന് പിന്നാലെയാണ് ഇന്നും സ്വർണവിലയിലെ ഇടിവ്.

ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ ഈ തിരുത്തലുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
2160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 12,865 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. സമീപകാലത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നിരുന്നത്

യുദ്ധസാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചെങ്കിലും ആഗോള വിപണിയിൽ അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചത് സ്വർണ്ണത്തിന് തിരിച്ചടിയായി. നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡോളറിലേക്ക് ശ്രദ്ധ മാറ്റിയതാണ് സ്വർണ്ണവില പെട്ടെന്ന് കുറയാൻ പ്രധാന കാരണമായത്. ഇന്ത്യൻ രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം ഇന്ന് 93.81 രൂപ എന്ന റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു.

വിവാഹ വിപണിയിൽ ആശ്വാസം

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഈ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ ഇടിവ് ആഭരണ വിപണിയിൽ വലിയ ചലനമുണ്ടാക്കും. ഇന്നത്തെ നിരക്ക് അനുസരിച്ച് പണിക്കൂലിയും ജിഎസ്ടിയും (3%) ഹാൾമാർക്കിംഗ് ചാർജുകളും ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.10 ലക്ഷം രൂപയ്ക്കും 1.12 ലക്ഷം രൂപയ്ക്കും ഇടയിൽ നൽകേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമെന്നതിനാൽ ആകെ തുകയിൽ നേരിയ വ്യത്യാസം ഉണ്ടാകാം. ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,344 ഡോളർ നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിപണിയിൽ അസ്ഥിരത നിലനിൽക്കുന്നതിനാൽ നിക്ഷേപകർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഓഹരി വിപണിയിൽ സെൻസെക്സ് ഇന്ന് 1,800 പോയിന്റിലധികം ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലുള്ള നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായേക്കാം. ആഭരണങ്ങൾ വാങ്ങുന്നവർ ബിഐഎസ് ഹാൾമാർക്കിംഗും ഡിജിറ്റൽ യുണീക് ഐഡി നമ്പറും (HUID) ബില്ലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണ്ണ ഇടിഎഫുകൾ (ETF) അല്ലെങ്കിൽ ഡിജിറ്റൽ സ്വർണ്ണം എന്നിവയും മികച്ച നിക്ഷേപ മാർഗ്ഗങ്ങളാണ്.