വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്‍റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.
ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവൽ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്കോട്‌ലന്‍ഡ് താരം ജോർജ്ജ് മുൻസി സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചിരുന്നു. സാധാരണഗതിയിൽ ലെവൽ 1 കുറ്റങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റോ ആകും പരമാവധി ശിക്ഷ ലഭിക്കുക.
'ലെവൽ 2' കുറ്റങ്ങള്‍ക്കോ ലെവല്‍ 1 കുറ്റം 24 മാസത്തിനുള്ളിൽ ആവര്‍ത്തിക്കുകയും ഇതുവഴി 4 ഡീമെറിറ്റ് പോയിന്‍റുകൾ ആവുകയോ ചെയ്താല്‍ മാത്രമേ കളിക്കാരന് വിലക്ക് നേരിടേണ്ടി വരൂ. സഞ്ജുവിന്‍റെ കാര്യത്തിൽ മുൻപ് ഇത്തരം പരാതികൾ ഇല്ലാത്തതിനാൽ സെമി ഫൈനലിൽ വിലക്ക് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. മാത്രമല്ല, അമ്പയറുടെ തീരുമാനത്തിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയോ എതിര്‍ താരങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുകയോ ആയിരുന്നില്ല സഞ്ജുവിന്‍റെ ഉദ്ദേശം എന്നതും മാച്ച് റഫറി കണക്കിലെടുക്കുമെന്നാണ് കരുതുന്നത്.
