ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നത് കടത്തൂർ സംഘം? പൊലീസിന് ഗുരുതര വീഴ്ച; ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചു; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിജിപി......

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത് കടത്തൂർ സംഘമെന്ന നിഗമനത്തിൽ പൊലീസ്. നാലുപേരടങ്ങുന്ന സംഘമാണ് അതുലിനെ ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ജിം സന്തോഷ് വധവുമായി അതുലിന്റെ കൊലപാതകത്തിന് ബന്ധമില്ലെന്ന് പൊലീസ് 
പറയുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി രണ്ട് പേരെ അലുവ അതുലും സംഘവും ആക്രമിച്ചിരുന്നു. അന്ന് ആക്രമിക്കപ്പെട്ട അനീറും സംഘവുമാണ് അതുലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ.

ഇന്ന് രാവിലെയാണ് ഗുണ്ടാനേതാവ് അലുവ അതുൽ കൊല്ലപ്പെട്ടത്.കരുനാഗപ്പള്ളി പുതിയകാവിലെ പെട്രോൾ പമ്പിന് സമീപം സിസിടിവിയുടെ മുൻപിലായിരുന്നു കൊലപാതകം നടന്നത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് കാറിൽ മടങ്ങവേയാണ് ഒരു സംഘം വലിച്ചിറക്കി മാരകായുധങ്ങൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി കുക്കു എന്ന് വിളിക്കുന്ന മനുവും അലുവ അതുലിനൊപ്പം കാറിലുണ്ടായിരുന്നു. മനു ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ 
കെെയ്‌ക്ക് വെട്ടേറ്റു. ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് പേരും സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുകയായിരുന്നു. അലുവ അതുലിനെ കൊല്ലാൻ ലക്ഷ്യമിട്ട് തന്നെയാണ് കുറ്റവാളികൾ എത്തിയതെന്ന് നിഗമനം.

അതേസമയം, കരുനാഗപ്പള്ളി കൊലപാതകം പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അതുലിനെ കൊലപ്പെടുത്താൻ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് അവഗണിക്കുകയായിരുന്നു. 2025 മാർച്ച് 27 നാണ് പടനായർകുളങ്ങര സ്വദേശി എം. സന്തോഷ് എന്ന് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. വീട്ടിൽ കയറി അമ്മയുടെ മുന്നിൽവെച്ചായിരുന്നു അലുവ അതുലും സംഘവും സന്തോഷിനെ വടിവാൾ കൊണ്ട് വെട്ടി കൊന്നത്. കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്‍റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു.

കരുനാഗപ്പള്ളി കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഗുണ്ടകളെ പിടികൂടാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഗുണ്ടകളെയും കസ്റ്റഡിയിലെടുക്കുമെന്നും ഡിജിപി പറഞ്ഞിട്ടുണ്ട്..